മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ ആണ് ധ്രുവ് വിക്രമിന്‍റെ ഏറ്റവും പുതിയ ചിത്രം. തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം നിരൂപക പ്രശംസയും നേടുന്നുണ്ട്. ആദിത്യ വർമ (2019), മഹാൻ (2022) എന്നീ ചിത്രങ്ങളിൽ മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും എന്നാൽ ബൈസൺ തന്‍റെ ആദ്യ ചിത്രമായി കരുതണമെന്നാണ് ധ്രുവ് പറഞ്ഞത്. ഇപ്പോഴിതാ, ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ഏതെന്ന് പറയുകയാണ് താരം.
കണ്ടതിൽ ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമ ഏതാണെന്ന ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ ധ്രുവ് ഭ്രമയുഗം എന്ന് ഉത്തരം പറഞ്ഞു. രജിഷ വിജയനൊപ്പം പേർലി മാണിയുടെ പേർലി മാണി ഷോയിൽ സംസാരിക്കുകയായിരുന്നു താരം. പ്രേമവും തനിക്ക് ഇഷ്ടമാണെന്ന് ധ്രുവ് പറഞ്ഞു.
ബൈസൺ ഒക്ടോബർ 17നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രം ബോക്സ് ഓഫിസിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കബഡിയെ ആസ്പദമാക്കിയുള്ള സ്പോർട്സ് ഡ്രാമയാണ് ബൈസൺ. പാ രഞ്ജിത്ത്, അദിതി ആനന്ദ്, സമീർ നായർ, ദീപക് സെഗൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തമിഴ്നാട്ടിൽ ജാതി പ്രമേയമാകുന്ന സിനിമകൾ നിർമിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നേരത്തെ ധ്രുവ് വിക്രം സംസാരിച്ചിരുന്നു. മാരി സെൽവരാജ് ഇത്തരം സിനിമകൾ നിർമിക്കുന്നത് അദ്ദേഹത്തിന്‍റെ അനുഭവത്തിൽ നിന്നാണെന്ന് ധ്രുവ് പറഞ്ഞു. ‘ഓരോ സംവിധായകനും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് കല നിർമിക്കാൻ അവകാശമുണ്ട്. ഇത്തരമൊരു സാമൂഹിക സാഹചര്യം ഇപ്പോഴും നിലനിൽക്കുന്ന ഇന്ത്യ പോലൊരിടത്ത്, പ്രധാനമായും തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽ ഇത് അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു’ -എന്നാണ് ധ്രുവ് പറഞ്ഞത്.
അനുപമ പരമേശ്വരൻ, ലാൽ, അമീർ, പശുപതി, രജിഷ വിജയൻ കലൈയരശൻ, ഹരി കൃഷ്ണൻ അൻബുദുരൈ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി എന്നിവരും ബൈസണിൽ അഭിനയിക്കുന്നുണ്ട്. ഏഴിൽ അരസു കെ. ഛായാഗ്രാഹണവും ശക്തി തിരു എഡിറ്റിങ്ങും കുമാർ ഗംഗപ്പൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലിപ് സുബ്ബരായനാണ്.
